‘ചിപ്പി വരുമോ ഇല്ലയോ? എന്നാൽ ചിപ്പി വരും’; ട്രോളുകളെപ്പറ്റി ചിരിയോടെ താരം

‘ഇക്കൊല്ലം ചിപ്പി വരുമോ ഇല്ലയോ എന്ന് ഇവിടെ പലരും ചോദിച്ചു. എന്നാൽ ചിപ്പി വരും.. വരില്ലേ..? വരും..’ ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ സോഷ്യൽ ലോകത്ത് സിനിമാനടി ചിപ്പിക്ക് ‘പൊങ്കാല’യോ എന്ന് തോന്നിപ്പോകും. പക്ഷേ വിമർശനങ്ങളല്ല, മറിച്ച് ആറ്റുകാൽ പൊങ്കാല ഇടാൻ എത്തുന്നവരുടെ കൂട്ടത്തിൽ പതിറ്റാണ്ടുകളായി കാണുന്ന മുഖമായതുകൊണ്ടാണ് ഈ സ്നേഹം. ദേവിയോടുള്ള ചിപ്പിയുടെ ആരാധനയും വിശ്വാസവും മാനിച്ച് കൊണ്ടുള്ള ഇൗ ട്രോളുകളെ കുറിച്ച് ചിപ്പി ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിച്ചിരുന്നു.

നിർത്താതെയുള്ള ചിരിയായിരുന്നു ട്രോളുകൾ കണ്ടിരുന്നോ എന്ന ചോദ്യത്തിന് ചിപ്പിയുടെ ആദ്യ മറുപടി. ‘അത്രമാത്രം ട്രോളുകളുണ്ടോ എന്ന് അറിഞ്ഞിരുന്നില്ല. എനിക്കെതിരെ ഒന്നും അല്ലല്ലോ അല്ലേ..? ട്രോളുകളിൽ ചിലത് കാണാറുണ്ട്. മനോരമ റിപ്പോർട്ടറോട് നാളെ ചിപ്പിയെ കണ്ടെത്തണം എന്നൊക്കെ പറയുന്ന തരത്തിൽ ട്രോളുകള്‍ കണ്ടു. ചിരിയാണ് തോന്നിയത്. അത്രത്തോളം തന്നെ സ്നേഹവും. അമ്മയുടെ പൊങ്കാല എന്ന് പറയുമ്പോൾ അവർക്ക് എന്നെയും ഓർമ വരുന്നുണ്ടല്ലോ. അത് അനുഗ്രഹമായി കാണുന്നു.’
‘ഞാൻ പാത്രക്കാരെ അറിയിച്ചല്ല എത്തുന്നത്. അവരായി കണ്ടുപിടിച്ചെത്തുന്നതാണ്. മുൻപ് ഞാനും കല്പന ചേച്ചിയുമെല്ലാം ഒരുമിച്ചായിരുന്നു െപാങ്കാല ഇടുന്നത്. അതുകൊണ്ട് തന്നെ ചാനലുകാരും ഫോട്ടോഗ്രാഫർമാരും എല്ലാമെത്തും. അതോടെ പൊങ്കാല കഴിഞ്ഞാൽ ഞങ്ങളുടെ ചിത്രം പത്രത്തിലും ചാനലിലും വരും. ഇത് സ്ഥിരമായതുകൊണ്ടാവും ഇൗ ട്രോളുകൾ. നിങ്ങൾ പത്രക്കാര് തന്നേയല്ലേ ഇതിന് കാരണം…’ നിറഞ്ഞ ചിരിയോടെ ചിപ്പി ചോദിച്ചു.

ഇരുപതുവർഷത്തോളമായി അമ്മയുടെ മുൻപിൽ പൊങ്കാല ഇടുന്നു. അത്രമാത്രം വിശ്വാസവും ഭക്തിയുമാണ് ആറ്റുകാൽ അമ്മയോട്. ഇത്തവണ കൊറോണ ഭീതിയൊക്കെ ഉണ്ടായതുകൊണ്ട് ഒരു പരിഭ്രമം തോന്നിയിരുന്നു. എന്നാൽ ഒഴിവാക്കാൻ തോന്നിയില്ല. കല്‍പന ചേച്ചി ഒപ്പമില്ലാത്ത സങ്കടമുണ്ട്. ചേച്ചി ഉള്ളപ്പോൾ ഞങ്ങളെല്ലാരും ഒരുമിച്ചായിരുന്നു പൊങ്കാലയ്ക്ക് എത്തുക. ആറ്റുകാലമ്മയുടെ അനുഗ്രഹമാണ് വീണ്ടും വീണ്ടും പൊങ്കാല ഇടാൻ എത്തിക്കുന്നതെന്നാണ് എന്റെ വിശ്വാസം. ട്രോളൻമാരോട് നിറഞ്ഞ സ്നേഹമാണ്. ട്രോളുകൾ കണ്ട് ഒരുപാട് ചിരിക്കാറുണ്ട്.’ ചിപ്പി പറഞ്ഞു.