ആ ഒരു ഉറപ്പിന്മേലാണ് സൂര്യയെ വിവാഹം കഴിച്ചത്: ജ്യോതിക

വെള്ളിത്തിരയിലെ പ്രണയ ജോഡികൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. ആരാധനയേക്കാൾ കൂടുതൽ‍ ബഹുമാനത്തോടെയാണ് പ്രേക്ഷകർ തെന്നിന്ത്യൻ താരജോഡികളായ സൂര്യയെയും ജ്യോതികയെയും നോക്കിക്കാണുന്നത്. പ്രണയകാലത്തിലെ സ്നേഹവും കരുതലും ഒട്ടും കുറയാതെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതാണ് അവരുടെ മാതൃകാദാമ്പത്യത്തിന്റെ രഹസ്യമെന്ന് ആരാധകർ പലകുറി മനസ്സിലാക്കിയതുമാണ്.

പൊതുവേദിയിൽ സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളിലെല്ലാം തന്നെ താരദമ്പതികൾ പങ്കാളികളെക്കുറിച്ച് നല്ലവാക്കുകൾ പറയാറുണ്ട്. തന്റെ വിജയത്തിനു പിന്നിൽ ജ്യോതികയാണെന്ന് പലകുറി സൂര്യപറഞ്ഞിട്ടുണ്ട്. സൂര്യ ഇല്ലാതെ താനില്ലെന്നും തന്റെ അച്ഛനുമമ്മയുമെല്ലാം സൂര്യയാണെന്നും ജ്യോതികയും പലകുറി പറഞ്ഞിട്ടുണ്ട്.

സൂര്യയെപ്പോലെ ഒരു ഭർത്താവിനെക്കിട്ടിയ താൻ ഭാഗ്യവതിയാണെന്നും സ്വാർഥതയില്ലാതെ എങ്ങനെ സ്നേഹിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൂര്യയെന്നും അവർ പറയുന്നു. സൂര്യയുടെ പകുതി ഗുണമെങ്കിലും മകന് ലഭിക്കണമെന്ന് താൻ ആത്മാർഥമായി ആഗ്രഹിക്കാറുണ്ടെന്നും ജ്യോതിക പറയുന്നു. സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള കൃത്യമായ നിർവചനങ്ങൾ പോലും താൻ മനസ്സിലാക്കിയത് സൂര്യയിൽ നിന്നാണെന്നും അവർ പറയുന്നു.

പങ്കാളിയെ ഏതു കാര്യമാണ് സന്തോഷിപ്പിക്കുന്നത് എന്ന് കണ്ടെത്തിയാൽ അതു സ്നേഹമാണെന്നും സ്നേഹത്തിന് തുല്യത എന്നും കൂടി അർഥമുണ്ടെന്നും ജ്യോതിക പറയുന്നു. എന്നാൽ പങ്കാളിക്ക് നമ്മളേക്കാൾ കൂടുതൽ സ്പേസ് നൽകുമ്പോഴാണ് അവിടെ പ്രണയമുണ്ടാവുന്നതെന്നും ജ്യോതിക പറയുന്നു.