‘ഗാനരംഗത്തിലെ കോസ്റ്റ്യൂമിൽ വന്നു കൂടായിരുന്നോ ?’ റെജീനയെ ഞെട്ടിച്ച ചോദ്യം

തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള നടിയാണ് റെജിന കസാന്ദ്ര. തന്റെ പുതിയ ചിത്രമായ മിസ്റ്റർ ചന്ദ്രമൗലിയുടെ ഒാഡിയോ ലോഞ്ചിനെത്തിയ താരത്തോട് അവതാരകൻ ചോദിച്ച ചോദ്യം റെജീനയെ മാത്രമല്ല മറ്റുള്ള അണിയറപ്രവർത്തരെയും ഞെട്ടിച്ചു. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ബിക്കിനി അണിഞ്ഞ് അതീവഗ്ലാമറസായി എത്തുന്ന റെജീനയോട് ആ കോസ്റ്റ്യൂമിൽ പരിപാടിക്ക് വന്നു കൂടായിരുന്നോ എന്നാണ് അവതാരകൻ ചോദിച്ചത്. ചോദ്യം കേട്ട് ഞെട്ടിയ റെജീന മറുപടി പ്രസംഗത്തിൽ ആ പാട്ടിനെക്കുറിച്ച് പരാമർശിച്ചു.

ചന്ദ്രമൗലി എന്ന സിനിമ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ എന്റെ ഗാനം പുറത്തിറങ്ങും മുമ്പ് തന്നെ വലിയ വാർത്തയായിരിക്കുന്നു. ആ ഗാനം സമ്മാനിച്ചതിന് സംഗീത സംവിധായകൻ സാമിന് ഞാൻ നന്ദി പറയുന്നു. ഗാനത്തിനായി ചുവടുകൾ ഒരുക്കിയ ബ്രിന്ദ മാസ്റ്ററോടും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകനായ റിച്ചാർഡ് ഗാനരംഗത്തിലുടനീളം സഹായിച്ചു. ബീച്ച് സോങ്ങിനു പറ്റിയ കോസ്റ്റ്യൂംസ് എനിക്ക് തന്നവർക്കും നന്ദി. ഞാൻ ഹോട്ട് ആണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ അതിനു കാരണം ഇവരൊക്കെയാണ്.’ റെജീന പറഞ്ഞു.

ഇൗ ഗാനരംഗത്തിലെ ചില ചിത്രങ്ങൾ ഇന്റർനെറ്റിൽ നേരത്തെ തരംഗമായിരുന്നു. നായകനായ ഗൗതം കാർത്തിക്കിനൊപ്പമാണ് റെജീന ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. തായ്‌ലാൻഡിലായിരുന്നു പാട്ടിന്റെ ചിത്രീകരണം. പ്രശസ്ത സംവിധായകനായ തിരു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.